Thursday, September 25, 2014

ദൈവ മഹത്വം ഇടയനിലൂടെ നമുക്ക് ദർശിക്കാം ?

ദൈവം സ്വന്തം ജനത്തെ വീണ്ടെടുക്കാൻ സ്വന്തം പുത്രനെ ലോകത്തിലേക്ക്‌ 2014 വർഷം മുൻപ് അയച്ചു. രക്ഷകനെ കാത്തിരുന്ന ഇസ്രയേൽ ജനത്തിന് മിശിഹായെ തിരിച്ചറിയാൻ കഴിയാതെ കാത്തിരുപ്പ് തുടർന്നപ്പോൾ സമൂഹത്തിൽ ഒട്ടും പ്രാധാന്യം ഇല്ലാതിരുന്ന സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന ചിലരിൽ ദൈവീക രഹസ്സ്യം തന്റെ സഹായകനിലൂടെ വെളിപ്പെടുത്തി പുത്രൻ തമ്പുരാൻ തന്റെ പിതാവിന്റെ പക്കലേക്ക് ബലിയല്ല കരുണയും സ്നേഹവും ആണ് ഏറ്റവും വലുത് എന്ന് കാണിച്ച് രണ്ടാം വരവിന്റെ സൂചനകൾ വ്യക്തമാക്കി യാത്രയായി. ഇസ്രായേൽ ജനത്തിന് രക്ഷകനെ തിരിച്ചറിയാതെ നഷ്ടമായപ്പോൾ ആ നഷ്ടം ലോകത്തിന് അനന്തവും നിത്യവുമായ നേട്ടമായി മാറി. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം പ്രവാചകരെ തിരിച്ചറിയാതെ എക്കാലവും പുറം തിരിഞ്ഞ് നിൽക്കുകയും പീഡിപ്പിക്കുകയും ചെയിതുവെങ്കിലും ദൈവം തന്റെ ജനത്തെ ഒരിക്കലും കൈവിടുകയോ ഇസ്രായേൽ ജനം ദൈവത്തിലേക്ക് തിരിച്ചു പോകാതിരിക്കുകയോ ചെയിതിട്ടില്ല. ഒരു പക്ഷേ ഒരു പ്രവാസ്സി ജനത്തിന് സ്വാഭാവീകമായി വന്ന് ചേരാവുന്ന അപചയമായതുകൊണ്ടായിരിക്കാം തന്റെ ജനത്തെ വീണ്ടെടുക്കാൻ ദൈവം എക്കാലവും പ്രവാചകരെ അയച്ചിരിക്കുകയും പ്രവാചകർക്കായി ഇസ്രായേൽ ജനം കാത്തിരിക്കുകയും ചെയിതിരിക്കുക. കഴിഞ്ഞ കാല ചരിത്രങ്ങളിൽ നിന്ന് നോക്കിയാൽ ജനങ്ങൾക്കിടയിൽ നിന്ന് ഒരു സർവ്വസമ്മതനായ ഒരു നേതാവിനെ ക്നാനായ സമൂഹം കണ്ടെടുക്കുക എന്നത് വിഷമകരമായ കാര്യവും ദൈവത്തിന്റെ പ്രത്യേക ഇടപെടലിലൂടെ മാത്രം അപൂർവ്വമായി സംഭവിക്കുകയും ചെയ്യുന്ന ഒന്നാണ്. പ്രവാചകരിലൂടെ അഥവാ അഭിക്ഷിക്തരിലൂടെ എക്കാലവും നയിക്കപ്പെട്ട ഒരു ജനമാണ് ക്നാനായക്കാർ. കാലവും കോലവും മാറി ക്നാനായക്കാർ ലോകത്തിന്റെ ഇതര ഭാഗത്തേക്ക് കുടിയേറിയപ്പോൾ തങ്ങളെ നയിക്കാനും നയിക്കപ്പെടാനുമുള്ള പ്രവാചകനെ തേടിയുള്ള അലച്ചിലിന് ആക്കം കൂടിയതേയുള്ളൂ എന്ന് മാത്രമല്ല കണ്‍മുൻപിൽ അവതരിച്ചവരിൽ ഒരു പ്രവാചകനെ കണ്ടെത്താൻ വിഷമിക്കുകയുമാണ്.

മംഗളവാർത്തയുമായി ഗബ്രിയേൽ മാലാഖ നന്മനിറഞ്ഞവളുടെ മുൻപിൽ വന്ന് ദൈവഹിതം അറിയിച്ചപ്പോൾ പരിശുദ്ധ അമ്മയ്ക്ക് ഹൃദയത്തിൽ വാൾ തുളച്ചുകയറി സ്വർലോക രാജ്ഞിയുടെ കിരീടാവകാശിയാകാനുള്ള തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയായിരുന്നു. എല്ലാം സ്വായത്തമാക്കാൻ കഴിയുന്ന പരമപിതാവുപോലും ഒരു പെണ്‍കൊടിയുടെ മുൻപിൽ തന്റെ പ്രഥാനമാലാഖാമാരിൽ ഒരുവനെ അയച്ച് മുട്ടിന്മേൽ നിന്ന് അനുവാതം ചോതിക്കുന്ന അതിവിശിഷ്ടമായ സംഭവമാണ് ഇവിടെ നാം കാണുന്നത്. തിരിച്ചറിവിന്റെ വിവേകത്തിൽ തനിക്ക് വരാനിരിക്കുന്ന കഠിനമായ വേദനകൾ ഏറ്റെടുത്ത് ദൈവഹിതത്തിന് വിധേയപ്പെട്ടപ്പോൾ തന്റെ തിരുസുധനിലൂടെ ലോകത്തിന് നിത്യമായ രക്ഷയ്ക്ക് കാരണമാക്കപ്പെട്ടു നമ്മുടെ അമ്മ. ഈ അതിവിശിഷ്ടമായ പ്രക്രിയ ഇന്നും ദൈവം നമ്മളിൽ ഓരോരുത്തരിലും തുടരുന്നതായി സസൂക്ഷ്മം വീക്ഷിച്ചാൽ കാണാൻ സാധിക്കും. കോട്ടയം രൂപതയുടെ അധിപനായ അഭിവന്ന്യ മൂലക്കാട്ട് പിതാവിനും കിട്ടിയിരിക്കുന്നതും സ്വീകരിച്ചിരിക്കുന്നതും വ്യത്യസ്തമായ ഒന്നല്ല. ക്നാനായ ജനതയെ നയിക്കുവാനുള്ള അവരെ സീറോ മലബാർ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നേത്രുത്വത്തിലേക്കുള്ള സമ്മതമായിരുന്നു സഭാമാതാവ് അപ്പസ്തോല പിൻഗാമിയായി ഉയർത്തും മുൻപ് മൂലക്കാട്ട് പിതാവിനോട് ചോതിച്ചത്. മുൾപ്പടർപ്പുകൾ നിറഞ്ഞ ദുർഗ്ഗടം പിടിച്ച വഴിയിലൂടെ കൈപിടിച്ച് സ്വാതന്ത്ര്യത്തിന്റെ വാഗ്ദത്ത നാട്ടിലേക്ക് ക്നാനായ മക്കളെ കൂട്ടിക്കൊണ്ട് പോകാനുള്ള സമ്മത പത്രമായിരുന്നു ദൈവ തിരുമുൻപിൽ കാവൽ മാലാഖയ്ക്ക് മൂലക്കാട്ട് പിതാവ് കൊടുത്തത്.

ഷഷ്ടിപൂർത്തി പിന്നിട്ട അമേരിക്കയിലെ കുടിയേറ്റ ക്നാനായ സമൂഹം സ്വന്തം പിതാവിനാൽ അവഗണിക്കപ്പെട്ട ഭീതിയിൽ പലതും കാട്ടിക്കൂട്ടുമ്പോൾ കുറവുകളും കുറ്റങ്ങളും തേടി തങ്ങളെ വേട്ടയാടുന്ന വേദനാജനകമായ കാഴ്ച്ചയാണ് നാമിന്ന് കാണുന്നത്. മക്കളുടെ കൂടെ നിൽക്കുകയും മക്കളെ സ്നേഹിക്കുകയും ചെയ്യുന്ന സ്നേഹധനനായ പിതാവാണ് എന്ന ബോദ്ധ്യം പലരിലും ഇല്ലാത്തതാണ് കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങളെ വ്യക്തതയോടെ പലർക്കും മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്. തന്നിലെ നന്മയും സ്നേഹവും മക്കൾക്ക് വേണ്ടിയുള്ള പദ്ധതികളും വ്യക്തതയോടെ മനസ്സിലാകുന്ന ഭാഷയിൽ അവരിലേക്ക് ഇറങ്ങി വന്ന് അറിയിച്ചാൽ തീർക്കാവുന്നതേയുള്ളൂ ഇന്നത്തെ പ്രശ്നങ്ങൾ. എനിക്ക് വ്യക്തിപരമായി അറിയാവുന്ന നന്മയുടെ പ്രതീകങ്ങളും സമുദായത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാനും വിട്ട് വീഴ്ച്ച ചെയ്യാനും സന്മനസ്സുള്ളവരാണ് ഇന്നത്തെ സമുദായ നേതൃത്വം. ക്നാനായ സമുദായത്തിന്റെ അനന്യതയും പാരമ്പര്യവും വിട്ട് വീഴ്ച്ചയില്ലാതെ ലോകാവസ്സാനം വരെ കാത്ത് സൂക്ഷിക്കേണ്ടത് ക്നാനായക്കാരുടെ മാത്രം ആവശ്യമല്ല. ക്രൈസ്തവ ലോകത്തിന് നൽകിയ അതിവിശിഷ്ടമായ സംഭാവനകളുടെ വെളിച്ചത്തിൽ ക്നാനായ ജനതയെ പരിസംരക്ഷിക്കേണ്ടത് പരിശുദ്ധ കത്തോലിക്കാ സഭയുടെ ഉത്തരവാതിത്വമാണ്.  നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ആവശ്യങ്ങൾ തീർത്തും ന്യായവും അതുകൊണ്ട് തന്നെ ക്ഷമ നശിച്ച അവരിലെ സമര വീര്യവും നീതീകരിക്കുന്നതുമാണ്. നോർത്ത് അമേരിക്കൻ  ക്നാനായക്കാരുടെ അച്ചുതണ്ടായ KCCNA യുടെ പ്രഗ്യാപിത സത്യാഗ്രഹ സമരത്തിന്റെ ഗുണദോഷങ്ങൾ ചികയുന്നതിന് പകരം, ചിക്കാഗോ സീറോ മലബാർ സെന്റ്‌ തോമസ്സ് രൂപതയുടെ അരമനപള്ളിയിൽ വച്ച് നടക്കുന്ന പവിത്രമായ മെത്രാഭിക്ഷേക ചടങ്ങിന്റെ പ്രാഥാന്യം കണക്കിലെടുത്ത്, അഭിവന്ന്യ മൂലക്കാട്ട് പിതാവും ആലഞ്ചേരി പിതാവും അങ്ങാടിയത്ത് പിതാവും ഒരുമിച്ച് KCCNA നേതൃത്വത്തെ കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞ് മനസ്സിലാക്കുകയും അതുവഴി KCCNA സമരമുഖത്ത്‌ നിന്നും പിതാക്കന്മാർ കൊടുക്കുന്ന ഉറപ്പിൻമേൽ പിന്മാറുകയും വേണം. കത്തോലിക്കാ വിശ്വാസ്സത്തിന്റെ അന്തസത്ത മനസ്സിലാക്കി ക്നാനായ സമൂഹത്തിന്റെ പതിറ്റാണ്ടുകളുടെ വേദനയും യാതനകളും മനസ്സിലാക്കി നമ്മുടെ പിതാക്കന്മാർക്കും പ്രിയപ്പെട്ട KCCNA നേതാക്കന്മാർക്കും സാബു ചെമ്മലക്കുഴിക്കും സമാധാനപരമായ നല്ലൊരു തീരുമാനം എടുക്കാൻ കഴിയട്ടെയെന്ന് ആശംസ്സിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യട്ടെ.

സ്നേഹപൂർവ്വം,

ജയ്മോൻ നന്തികാട്ട്
ചിക്കാഗോ