Monday, October 10, 2016

KCCNA CONSTITUTION AMENDMENTS - ന്റെ പിന്നിലെ കള്ളക്കളികളെപ്പറ്റി ഒരു വിചിന്തനം.

കുറുന്തോട്ടിക്ക് വാതമോയെന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇന്നത് തീർത്തും സത്യമാണോയെന്ന് തോന്നിപോകുന്നു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ അത്താണിയും ആശ്രയവുമായി മൂന്ന് നിറഞ്ഞ പതിറ്റാണ്ടുകൾ അഭിമാനകരമായി തലയുയർത്തിനിന്ന KCCNA യെ തകർക്കേണ്ടത് ഇന്ന് ആരുടെ ആവശ്യമാണ് എന്ന് സംശയിക്കേണ്ട കാര്യമില്ലായെന് തോന്നിപോകുന്നു. ക്നാനായ സമുദായത്തിന്റെ കാവൽഭടന്മാർ എന്ന് വിശ്വസിച്ചിരുന്നവർ സമുദായത്തിന്റെ അന്ത്യം കുറിക്കാൻ വെളിച്ചപ്പാടിനേപ്പോലെ ഉറഞ്ഞുതുള്ളുന്ന വ്യസനകരമായ കാഴ്ച്ച നാമിന്ന് ദുഖത്തോടെ കാണുന്നു. അധികാരത്തിന്റെ മത്തു പിടിച്ചുകൊണ്ട് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന വിദ്ദ്വേഷവും വെറുപ്പും കൊടും വിഷമായി ചില ഉന്നത സ്ഥാനീയരിൽ നിന്ന് പുറത്തേക്ക് ചീറ്റുന്നു. അച്ഛൻമാരുടേയും മെത്രാന്മാരുടെയും സഭയുടേയും പേരുകൾ പറഞ്ഞു ഇവർ സമുദായ അംഗങ്ങളെ പൊട്ടൻ കളിപ്പിക്കുന്നു. ഈ വമ്പന്മാരെ കുറ്റം പറഞ്ഞാൽ KCCNA യും ക്നാനായ സമുദായവും നശിച്ചുപോകും എന്ന് നുണക്കഥകൾ പറഞ്ഞു ജനത്തെ വിഡ്ഢികളാക്കുന്നു. കാലിന്റെ അടിയിൽ നിന്ന് സകലതും ഒലിച്ചുപോയിട്ടും കാലത്തിന്റെ കാലൊച്ച കേൾക്കാതെ മുപ്പതിനായിരം സമുദായങ്ങങ്ങളുടെ അവകാശവുമായി വീരവാദം മുഴക്കുന്നു. എണ്ണത്തിലല്ല മറിച്ചു ഗുണത്തിലാണ് കാര്യം എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന സാമൂഹ്യദ്രോഹികളുടെ ഒരു കൂട്ടമായി KCCNA യെ ഇക്കൂട്ടർ മാറ്റുന്നു. KCCNA നാഷണൽ കൗൺസിലിൽ പങ്കെടുക്കാൻ പലതവണ  കിഴിമേടിച്ച മുൻ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനും ഇന്നത്തെ KCCNA പ്രസിഡന്റുമായ മാന്യദേഹത്തിന് ക്ഷണിച്ചു വരുത്തി കൺവെൻഷൻ കഴിഞ്ഞു തിരിച്ചുപോകുമ്പോൾ നാഷണൽ കൗൺസിലിന്റെ തീരുമാനപ്രകാരം പിതാക്കന്മാർക്ക് കൊടുക്കുന്ന യാത്രാപ്പടിക്ക് കുറ്റം പറയാൻ എന്ത് അവകാശം. പാപത്തിന്റെ പങ്കായ പതിനായിരം കൈപ്പറ്റി ബോബി ചെമ്മണ്ണൂരിനെ KCCNA കൺവെൻഷനിൽ ആദരിക്കുന്ന മാന്യവ്യക്തിക്ക് ക്നാനായ സമുദായം കൊടുക്കുന്ന സ്ഥാനം എവിടെയെന്ന് വിവേചിച്ചറിയാൻ വിവേകം ചെറുതായിട്ടെങ്കിലും ഉണ്ടായിരിക്കണം.

എല്ലാ KCCNA നാഷണൽ കൗൺസിലിന്റെയും  തീരുമാനത്തിന്റെ ഓഡിയോ റിക്കോർഡിങ്ങ് മുഴുവൻ എക്സികുട്ടിവ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത, കള്ള മിനിറ്റ്‌സുകൾ തയ്യാറാക്കി എക്സികുറ്റവിന്റെ അംഗീകാരം ഇല്ലാതെ യൂണിറ്റുകൾക്ക് അയച്ചുകൊടുത്ത്, കഴിഞ്ഞ ഒരു നാഷണൽ കൗൺസിലിലും എടുക്കാത്തതും അവതരിപ്പിക്കപ്പെടാത്തതും പാസ്സാക്കാത്തതുമായ തീരുമാനങ്ങൾ അടുത്ത നാഷണൽ കൗൺസിലിൽ അജണ്ടയായി വയ്ക്കുകയും  ചെയ്‌തുകൊണ്ട് അധികാര ദുർവിനിയോഗവും ഭരണഘടനാ ലംഘനവും തുടർച്ചയായി നടത്തുന്ന KCCNA പ്രസിഡന്റ് തന്റെ എല്ലാ ധാർമ്മീകവും നിയമപരവുമായ അവകാശങ്ങൾ പ്രെസിഡന്റായി തുടരാൻ നഷ്ടപെടുത്തിയിരിക്കുകയാണ്.  KCCNA യുടെ കോൺസ്റ്റിട്യൂഷൻ ചെയർമാൻ ആയിരുന്ന കാലത്ത് മുൻ KCCNA നാഷണൽ കൗൺസിലിനേയും എക്സിക്കുട്ടീവിനേയും തെറ്റായ ഉപദേശങ്ങൾ കൊടുത്തതിന് നിരവധി തെളിവുകൾ ഉണ്ട് എന്ന് മാത്രമല്ല ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. ഇനി ഒരു നിമിഷം പോലും KCCNA യുടെ പ്രസിഡന്റ് ആയി തുടരാൻ ഇ മാന്യദേഹത്തിന് യാതൊരു അവകാശവും ഇല്ല. തുടർച്ചയായ ഭരണഘടനാ ലംഘനങ്ങളും ക്നാനായ സമുദായ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന KCCNA പ്രസിഡന്റ് ഇനി ഒരു നിമിഷം പോലും അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാതെ രാജിവെച്ചു പോവുകയോ അല്ലെങ്കിൽ നാഷണൽ കൗൺസിൽ അംഗങ്ങൾ ഇദ്ദേഹത്തെ ഉടനെ തന്നെ പുറത്താക്കുകയോ ചെയ്യണം.

അതിശക്തമായ സമുദായ സ്നേഹികളുടെ പ്രതികരണം ആവശ്യമായ പ്രധാനപ്പെട്ട അപകടകരമായ കോൺസ്റ്റിട്യൂഷൻ അമെൻഡ്മെന്റ്സ് എന്തൊക്കെയാണ് എന്ന് നോക്കാം. KCCNA യുടെയും ക്നാനായ സമുദായത്തിന്റെയും അപചയങ്ങൾ നമ്മെ നാശത്തിലേക്ക് നയിക്കുന്ന ദുഷ്ടലാക്കുകളുടെ പ്രവർത്തികളിലൂടെയല്ല മറിച്ചു നമ്മുടെ കുറ്റകരമായ നിസ്സംഗതകളും പ്രതികരണ ശേഷിയില്ലായ്മയും ആയിരിക്കും. സമുദായ സ്നേഹികൾ എന്ന് അവകാശപ്പെട്ട് നടക്കുന്ന അരാജകവാദികളും സാമൂഹ്യ ദ്രോഹികളുമായ ചുരുക്കം ചില ആളുകളുടെ കൈകളിൽ നിന്ന് KCCNA യെയും അതിന്റെ നേതൃത്വത്തെയും രക്ഷിക്കാൻ നാമെല്ലാം ഒറ്റകെട്ടായി നിൽക്കണം. ക്നാനായ സമുദായത്തിന്റെ നാശത്തിന് കാരണക്കാർ ഇന്ന് ളോഹയിട്ടവരും ഇടാത്തവരും എന്ന വ്യത്യാസം ഇല്ലാത്ത അവസ്ഥ വന്നിരിക്കുന്നു. തെറ്റിനെ തെറ്റാണ് എന്ന് പറയാൻ കഴിയുകയും അതിനെതിരെ ശബ്ദമുയർത്താനും നന്മക്കായി നിലകൊള്ളാനും ഉള്ള ഇച്ഛാശക്തിയാണ് നമുക്ക് ഇന്ന് ആവശ്യം.

1 ) പുറം വാതിലിലൂടെ ഒരു കാലയളവ് കൂടി അഞ്ച്  എക്സികുട്ടിവ് ഓഫീസർമാർക്ക് നാഷണൽ കൗൺസിലിൽ ഇരിക്കാനുള്ള ഹീനമായ ശ്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ( നിലവിലുള്ള കോൺസ്റ്റിട്യൂഷനിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ തുടർന്ന് ഒരു ടേം കൂടി എക്സ് ഒഫീഷ്യോ അംഗങ്ങൾ ആയിരിക്കുമെന്നുള്ളത് തുടരുക ) ആണുങ്ങളെപ്പോലെ ലോക്കൽ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു നാഷണൽ കൗൺസിലിൽ വരിക.

2 ) സ്‌പെഷ്യൽ കമ്മറ്റികൾ ഉണ്ടാക്കി അതിനകത്തു അടുത്ത നാല് വർഷം കൂടി കയറിയിരിക്കാൻ കഴിഞ്ഞ നാഷണൽ കൗൺസിലിൽ എടുത്ത തീരുമാനം പിൻവലിച്ചു സൂപ്പർ ഷാഡോ എക്സിക്കൂട്ടവു ചമയാൻ ഉള്ള ശ്രമം നിലവിലുള്ള അധികാരമോഹികളെ അനുവദിക്കാതിരിക്കുക. ഇത് വരാനിരിക്കുന്ന എക്സിക്കുട്ടീവിനെ അപകടകരമായി നശിപ്പിക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവരുടെ അവകാശങ്ങൾ തകർക്കുകയും ചെയ്യും. വെറും പാവക്കൂത്തുകൾ ആയ എക്സിക്കൂട്ടവുകൾ ഉണ്ടാകാതിരിക്കണം എങ്കിൽ വളഞ്ഞവഴിയിലൂടെയുള്ള ഇത്തരം ഹീനശ്രമങ്ങൾ ഇല്ലാതാക്കണം.

3 )  വിമൻസ് ഫോറവും KCYL നും ഉള്ള KCCNA യിലെ എസ്ക്യൂട്ടീവ് സ്ഥാനങ്ങൾ എടുത്തു കളയാനുള്ള മ്ലേച്ഛകരമായ ഏത് തീരുമാനവും അനുവദിക്കാൻ പാടില്ല. യുവജനങ്ങളുടെ പേരിൽ കണ്ണീരൊഴുക്കുകയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വാദിക്കുകയും ചെയുന്ന കപടതയുടെ മുഖം മൂടികളുടെ ഹീനമായ സ്വഭാവം ഇവിടെ വെളിവാക്കപ്പെടുന്നു.

4 ) KCNA യുടെ PATRON സ്ഥാനവും SPIRITUAL DIRECTOR സ്ഥാനവും എടുത്ത് കളയാനുള്ള നീക്കം ഒരിക്കലും അനുവദിച്ചുകൂടാ. ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും പരമ്പരാഗതമായ കോട്ടയം രൂപതയോടും പിതാക്കന്മാരോടും വൈദീകരോടും ഉള്ള തീരാത്ത പകയും മനസിലേറ്റ മുറിവുകളുമാണ് ഇതിന് പിന്നിൽ. ഇത്തരക്കാർക്കുള്ള പരിഹാരം KCCNA യുടെ ചിലവിലോ കോട്ടയം രൂപതയുടെ ചിലവിലോ മാനസീക രോഗത്തിനുള്ള ചികിത്സ ഏർപ്പെടുത്തുകയാണ് വേണ്ടത്. കോട്ടയം രൂപതയിൽ അഭിക്ഷിക്തരായി വൈദീക സേവനം ചെയ്യുന്നതിനിടയിൽ പിതാക്കന്മാരുമായി വഴക്കുകൂടിയവരോ പീഡനങ്ങൾ ഏൽക്കുകയോ ചെയ്തവരുടെ കുടുംബാങ്ങങ്ങൾ, പിതാക്കന്മാരുടെയും വൈദീകരുടെയും മറ്റ് സന്യസ്തരുടേയും സമുദായ പ്രമുഖരുടെയും ഔദാര്യത്തിൽ സമുദായങ്ങങ്ങളുടെ അവകാശങ്ങൾ അധാർമ്മീകമായി കൈപ്പറ്റി കോർപ്പറേറ്റു മാനേജ്‍മെന്റ് സ്ഥാപനങ്ങളിൽ ഉദ്യോഗങ്ങൾ കിട്ടി വീണ്ടും കൂടുതൽ കൂടുതൽ ഔദാര്യങ്ങൾക്ക് വേണ്ടി നിലവിളിച്ചു മോഹഭംഗം വന്ന് കുറ്റപ്പെടുത്തുന്നവരും അവരുടെ കുടുംബങ്ങളും ആണ് ഈ നീക്കത്തിന് പിന്നിൽ നിലയുറപ്പിക്കുന്നത്. ഇന്ന് ക്നാനായ സമുദായത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരേയും അവരുടെ കുടുംബങ്ങളേയും എടുത്തു നോക്കുക അപ്പോൾ മനസിലാകും ഇവരുടെ ഉദ്ധേശശുദ്ദി.

5 ) KCCNA കൺവെൻഷൻ രെജിസ്ട്രേഷൻ ലോക്കൽ യൂണിറ്റുകളെ മറികടന്ന് KCCNA നേരിട്ടു നടത്താനുള്ള നീക്കം ആണ് അടുത്തത്. സമനില തെറ്റിയ ഒരു നേതൃത്വത്തിന്റെ ഏറ്റവും മ്ലേച്ഛമായ നീക്കമാണ് ഇത്. KCCNA എന്നത് INDIVIDUAL MEMBERSHIP ഉള്ള ഒരു സംഘടന അല്ല. മറിച്ചു ഇത് നോർത്ത് അമേരിക്കയിലുള്ള ഇരുപത് ക്നാനായ കത്തോലിക്കാ സംഘടനകുളുടെ കൂട്ടായ്മയാണ്. ഇതിന് വ്യക്തികൾ നേതൃത്വസ്ഥാനത്ത് ഉണ്ടങ്കിലും വ്യക്തികൾ ആല്ല അംഗങ്ങൾ. പല വ്യത്യസ്തങ്ങളായ ഭരണഘടനയും സ്വഭാവവും ഉള്ള എന്നാൽ ക്നാനായ കത്തോലിക്കർ എന്ന പൊതുസ്വഭാവത്തിൽ ഒന്നിച്ചുചേരുന്ന മഹത്തായ പ്രസ്ഥാനമാണ് KCCNA. ലോക്കൽ സംഘടനകളെ മറികടന്ന് അവയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്ന ഏത് ശ്രമവും എല്ലാ യൂണിറ്റുകളും ചെറുക്കുക തന്നെ ചെയ്യും. ലോക്കൽ സംഘടനകളിൽ പ്രവർത്തിക്കാത്തവരും  അംഗങ്ങൾ ആകാത്തവരും കിംഗ് മേക്കേഴ്സിന്റെയും പിണിയാളുകളുടെയും പിൻബലത്തിൽ സാമൂഹ്യദ്രോഹികളുമായി കൂട്ടുകൂടി അടിസ്ഥാന മേഖലകളിൽ നാശം വിതയ്ക്കാൻ സമ്മതിക്കില്ല. ക്നാനായ കത്തോലിക്കർ എന്ന പൊതു നിർവചനത്തിൽ നിന്നും ഒരു കാരണവശാലും പുറകോട്ടു പോകരുത്. ക്നാനായ യാക്കോബായക്കാർക്ക് നിലവിലുള്ള ഗസ്റ് പ്രാധിനിത്യം തുടരാവുന്നതാണ്.

6 ) ഇലക്ഷൻ റിഫോംമിന്റെ മറവിലുള്ള എല്ലാ കുട്ടകളിയും അടിച്ചു തെറിപ്പിക്കണം. പാനൽ സംവിധാനം കൊണ്ടുവരുന്നത് അത് ഏത് തരത്തിലാണെങ്കിലും KCCNA പോലുള്ള സമുദായ സംഘടനക്ക് വളരെ ദോഷം ചെയ്യും. ഓരോ എക്സിക്കൂട്ടീവ് ഓഫീസ്സറും മറ്റ് റീജ്യണൽ വൈസ്സ് പ്രസിഡന്റ്മാരും നിലവിലുള്ള അതേ മാനദണ്ഡം അനുസരിച്ചു തന്നെ ജനാധിപത്യമാർഗ്ഗത്തിലൂടെ മാന്യമായി ജയിച്ചുവരണം. പുറം വാതിലിലൂടെ കയറിക്കൂടാനും ഏകാധിപത്യ പ്രവണത വച്ചുപുലർത്തുന്നവർക്ക് തങ്ങളുടെ പിണിയാളുകളെ കൂട്ടി സമുദായത്തിന്റെ മഹനീയതയെ ദുർവിനിയോഗം ചെയ്യാനുമുള്ള അവസരങ്ങൾ അനുവദിച്ചുകൂടാ.
ലോക്കൽ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാഷണൽ കൗൺസിൽ അംഗങ്ങൾ തന്നെയായിരിക്കണം ഇനിയും എക്കാലവും KCCNA ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. അതിന്റെ പരിപാവനതയും പരിശുദ്ധിയും കളഞ്ഞുകുളിക്കാൻ ശ്രമിക്കുന്നത് തീർത്തും അപലപനീയമാണ്. നാഷണൽ കൗൺസിൽ അംഗങ്ങളുടെ അധികാരത്തിൽ കൈയിട്ടു വാരി സമുദായത്തെ കൊഞ്ഞനം കുത്തിക്കാണിക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടികിട്ടും. KCCNA എന്നതും നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായ കൂടായ്മയാണ് അല്ലാതെ  ഒരു പരമാധികാര രാജ്യമല്ല.

ഇലക്ട്രോണിക് വോട്ടിംഗ് സംശുദ്ധമായി നടത്താനുള്ള നിയമ സംവിധാനമോ നിയമപാലകരോ കുറ്റമറ്റ ഒരു തരത്തിലുമുള്ള സംവിധാനങ്ങളോ നമുക്ക് ഉണ്ടാക്കാൻ കഴിയില്ല. ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നവരും അതിന്റെ വക്താക്കളും ചെറിയ ഒരു കോമൺസെൻസ് ഉള്ളവരാണ് എന്ന് തോന്നുന്നില്ല. KCCNA യുടെ ഇരുപത് അംഗസംഘടനകളും വിവിധങ്ങളായ ഭരണഘടന ഉള്ളവരും വിവിധ സമയങ്ങളിൽ ഇലക്ഷനുകൾ നടത്തുന്നവരുമാണ്. ഈ ഇരുപത് യൂണിറ്റുകളും ഒരുപോലെ ക്രോഡീകരിക്കുകയെന്നത് വളരെ പ്രയാസകാരമായ കാര്യമാണ്. ഈ ഇലക്ഷന് വേണ്ട സാങ്കേതിക മേന്മകളും പണവും എവിടെ ? അത് ആര് എവിടെനിന്നു എടുക്കും ? കള്ളത്തരം കാണിക്കാൻ ഇതിൽപ്പരം വഴികളൊന്നും വേറെ ഇന്നത്തെ സംഘാടകരെപ്പോലുള്ളവർക്കു വേണ്ട. ഇനി ഇതെല്ലാം സാധിച്ചാൽ പോലും ആർക്കാണ് നോർത്ത് അമേരിക്ക മുഴുവൻ പോയി ഇലക്ഷൻ പ്രചാരണം നടത്തി പതിനായിരത്തിലധികം വോട്ടർമാരെ നേരിൽ കണ്ട് പ്രസിഡന്റ് ആകാൻ കഴിയുക ? കള്ളപ്പണവും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ടാക്സ് വെട്ടിപ്പും നടത്തുന്ന സമുദായ സ്നേഹമില്ലാത്ത സ്വാർത്ഥമതികളായ പ്രാഞ്ചികൾക്ക് മാത്രമേ ഇതിന് കഴിയൂ. ലോക്കൽ യൂണിറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളിൽ നിന്ന് തന്നെ ഇനിയും പ്രെസിടെന്റും മറ്റു ഭാരവാഹികളും ഉണ്ടാകട്ടെ.

7 ) ക്നാനായ കത്തോലിക്കരുടെ സംഘടന എന്നത് മാറ്റി എല്ലാവരുടെയും എന്ന അവസ്ഥയുണ്ടാക്കാനുള്ള ശ്രമം നടക്കരുത്. ഓരോ മതത്തിലുമുള്ള ക്നാനായക്കാർക്ക് അവരവരുടേതായ സംഘടനകൾ ഉണ്ട്. ക്നാനായ കത്തോലിക്കരുടെ സ്വന്തമായ സംഘടന എല്ലാവർക്കുമായി തുറന്നുകൊടുക്കാനുള്ള ചില തല്പര കക്ഷികളുടെ കുതന്ത്രം നടക്കില്ല. എല്ലാവിധ ബഹുമാനത്തോടും കൂടി പറയട്ടെ ചിങ്ങവനത്തിലെ തിരുമേനിയുടെ ആ ശ്രമം നടക്കില്ല. അദ്ദേഹത്തിന്റെ ബന്തുവായ ( കൃത്യമായി എന്താണ് എന്നറിയില്ല എങ്കിലും ഇവർ തമ്മിൽ ചില ചെറുകിട കച്ചവടം നടക്കുന്നുണ്ട് ) ഇപ്പോഴത്തെ KCCNA പ്രെസിൻഡന്റിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടേയും വികലമായ മനസ്സിൽ നിന്ന് ഉദിക്കുന്ന കുബുദ്ധിയാണ് ഇതിന് പിന്നിൽ. സഭകളും മതങ്ങളും തമ്മിലുള്ള അകലം ഇല്ലാതാകണം ആഗോള കത്തോലിക്കാ സഭയിൽ അഥവാ ലോകത്തിൽ എക്കുമിനിക്കൽ പ്രസ്ഥാനം ഉള്ളതുപോലെ എല്ലാവരുടെയും കൂട്ടയ്മ ആദ്യം തുടങ്ങി അകൽച്ചകൾ ഇലാതാകാട്ടെ. KCCNA ക്ക് കൺവെൻഷന് രെജിസ്ട്രേഷൻ ക്നാനായ യാക്കോബായ സമുദായങ്ങങ്ങൾക്ക് കൊടുത്തതുപോലുള്ള നിരവധിയായ ശ്രമങ്ങൾ ഇനിയും നടത്തി സഭകളും മതങ്ങളും തമ്മിലുള്ള ഐക്യം കാലക്രമേണ ഉണ്ടാക്കാൻ സാധിക്കും. ലോകത്തിലുള്ള എല്ലാ മതത്തിലുംപെട്ട ക്നാനായ സമുദായങ്ങളുടെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാകാൻ KCCNA ക്ക് സാധിക്കും. അതാണ് ചെയ്യേണ്ടത് അല്ലാതെ ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ട് ക്നാനായ കത്തോലിക്കാ സമുദായാത്തെ നശിപ്പിക്കുകയല്ല ചെയ്യേണ്ടത്. KCCNA യിൽ ചരിത്രപരമായ ഒരു തിരിച്ചടി കൊടുക്കാനായി ചിങ്ങവനം തിരുമേനിയുടെ ഗൂഢശ്രമം നടക്കുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകളും വ്യക്തമായ വിശദീകരണവും വേറൊരു കത്തിലൂടെ വിശദീകരിക്കുന്നതായിരിക്കും.

കൂനൻ കുരിശു സത്യത്തിനു ശേഷം രണ്ടായി മാറിയ യാക്കോബായ ക്നാനായ സമുദായങ്ങങ്ങളിൽ നിന്ന് ഒരു വിഭാഗം പുനരൈക്കപ്പെടുകയും അവർ കോട്ടയം രൂപതയിൽ അഭിമാനത്തോടെ നിലനിൽകുകയും ചെയ്യുന്നത് ചിങ്ങവനത്തെ തിരുമേനിമാർക്ക് സഹിക്കുന്നില്ല. ഇവരുടെ ആളുകൾ ഇന്ന് KCCNA യിൽ നുഴഞ്ഞു കയറിയിരിപ്പുണ്ട്. സമാധാനത്തോടും സന്തോഷത്തോടും കഴിയുന്ന നമ്മളിൽ വെറുപ്പും വിദ്ധ്വേഷവും കുത്തിവെച്ചുകൊണ്ട് കള്ള സത്യങ്ങൾ കെട്ടിച്ചമച്ച ചിത്രങ്ങളുടെ മറവിൽ ക്നാനായ കത്തോലിക്കരെ അടർത്തിമാറ്റാൻ ഇവർ ശ്രമിക്കുന്നു. കഴിഞ്ഞ KCCNA കൺവെൻഷനിലും ആസ്ട്രേലിയൻ കൺവെൻഷനിലും ഇവർ നടത്തിയ ഹീനമായ പ്രവർത്തികൾ വിലയിരുത്തുക. KCCNA പ്രെസിടെന്റും ചിങ്ങവനത്തെ തിരുമേനിയും കൂടി കെട്ടിച്ചമച്ച കള്ളക്കഥകളാണ് കോട്ടയം രൂപത ചിങ്ങവനത്തെ സ്വാധീനിച്ചു എന്നുള്ളത്. അന്തസ്സും ആഭിജാത്യവും ഉണ്ടങ്കിൽ ചിങ്ങവനം തിരുമേനി പറയട്ടെ കോട്ടയം രൂപത തന്നെ കെസിസിനെ കൺവെൻഷനിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞു എന്ന്. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പോലെ ചിങ്ങവനം തിരുമേനിയും KCCNA പ്രെസിഡന്റും വാണിയനും വാണിയത്തിയും കളിക്കുകയാണ്. സഭകൾ തമ്മിലുള്ള ഐക്യം ഉണ്ടാകണം എന്നും ക്നാനായ സമുദായം അഭങ്കുരം നിൽക്കണമെന്നും ആഗ്രഹിക്കുന്നു എങ്കിൽ ചിങ്ങവനം തിരുമേനിക്ക് ധാർമീകമായ ഉത്തരവാദിത്വം ഉണ്ട് കോട്ടയം രൂപതയേയും അതിന്റെ മെത്രാനെയും അധാർമ്മികളിൽ നിന്ന് രക്ഷിക്കാൻ. അഥവാ കോട്ടയം രൂപതയും മെത്രാനും വൈദീകരും കുറ്റം ചെയ്തുവെങ്കിൽ പരസ്യമായി പറയാൻ തയ്യാറാകണം.

തന്റെ തൊള്ള തുറക്കാതെ ക്നാനായ കത്തോലിക്കരുടെ ആൽമീയ ആചാര്യനായ  ഗോത്രത്തലവനെയും കോട്ടയം രൂപതയേയും KCCNA യുടെയും OCEANA യുടെയും ഭാരവാഹികളിലൂടെ അപകർത്തിപ്പെടുത്തുകയും കിട്ടുന്ന വേദികളിൽ മുഴുവൻ പോയി അപമാനിക്കുകയും ചെയ്യുന്നത് ചിങ്ങവനം തിരുമേനിക്ക് ഭൂഷണമല്ലായെന്ന് തീർത്ത് പറയുന്നു. പരസ്പരം മൽസ്സരിക്കുകയും തമ്മിലടിക്കുകയും അധികാരത്തിന് വേണ്ടി കടിച്ചുകീറുകയും ചെയ്യുന്ന ക്നാനായ യാക്കോബായ പിതാക്കന്മാർ തങ്ങളുടെ സഭയിലേയും സീറോ മലബാർ ക്നാനായക്കാരെയും പൊട്ടൻകളിപ്പിക്കുകയാണ്. KCCNA യെ അസ്ഥിരപ്പെടുത്തി കുറച്ചുപേരെ വികലമായ ചിന്തകൾ കുത്തിനിറച്ചു അടർത്തിയെടുത്തുകൊണ്ട് പോകാനുള്ള ശ്രമം നടത്തുന്നവർ ആരായാലും അവർ ഒറ്റപ്പെടുകയും സമൂഹത്തിൽ തിരിച്ചറിയപ്പെടുകയും ചെയ്യും. എല്ലാ മതത്തിലുമുള്ള സകല ജനങ്ങളും സന്തോഷത്തോടും സമാധാനത്തോടും ഒരുമയോടും ജീവിക്കണം. പരസ്പരം തകർക്കാനും നശിപ്പിക്കാനുമുള്ള ശ്രമങ്ങൾ നിർത്തിവെച്ചുകൊണ്ട് തങ്ങളുടെ ഏജന്റുമാരെ ഉപയോഗിച്ച് KCCNA എന്ന മഹത്തായ ക്നാനായ കത്തോലിക്കാ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഒരു പിതാക്കന്മാരെയും അവരുടെ പിണിയാളുകളേയും അനുവദിക്കില്ല.

ഇത്രയും എഴുതിയ സ്ഥിതിക്ക് KCCNA എന്ന പ്രസ്ഥാനം ക്നാനായ കത്തോലിക്കരുടെ മാത്രമാണ് എന്ന് സമർത്ഥിക്കാതിരിക്കാൻ വയ്യ. ആറ്‌ പതിറ്റാണ്ടുകൾക്ക് മുൻപ് ന്യൂ ഡൽഹിയിൽ നിന്നും ന്യുയോർക്കിലേക്ക് കുടിയേറിയ ക്നാനായക്കാരിൽ തുടങ്ങിയ കുടിയേറ്റ കൂട്ടായ്മയാണ് ഇന്ന് മുപ്പതിനായിരം പേരിലധികമുള്ള പ്രവാസ്സി ക്നാനായ കൂട്ടായ്മ. അപ്പാർട്ട്മെന്റുകളിലെ ഇടുങ്ങിയതും പരിമിതങ്ങളുമായ റൂമുകളിൽ കോച്ചുന്ന തണുപ്പിൽ കുരിശുവരച്ചു കൊന്തചൊല്ലി തുടങ്ങിയ നമ്മുടെ കൂട്ടായ്മ എന്നും എക്കാലവും കത്തോലിക്കാ വിശ്വാസ്സം മുറുകെ പിടിച്ചുകൊണ്ട് വിശ്വാസ്സവും പാരമ്പര്യവും ഒരുപോലെ കാത്തുസൂക്ഷിച്ചാണ് വളർന്നത്. അപ്പാർട്‌മെന്റുകളിലെ ഇടുങ്ങിയ മുറികളിൽ നിന്ന് വീടുകളുടെ ബേസ്സ്‌മെന്റുകളിലും പിന്നീട് വാടക കെട്ടിടങ്ങളിലും അവിടെനിന്നും കമ്മ്യൂണിറ്റി സെന്ററുകളിലേക്കുമായി വളർന്ന ക്നാനായ സമുദായ കൂട്ടായ്മകൾ ഓരോ നിമിഷത്തിലും തങ്ങളുടെ ജീവിതം കത്തോലിക്കാ വിശ്വാസ്സത്തിലുള്ള അടിയുറച്ച പ്രഘോഷണമായിരുന്നു പുലർത്തിക്കൊണ്ടിരുന്നതും ഇപ്പോഴും തുടരുന്നതും.

നമ്മുടെ ഓരോ കൂട്ടായ്മകളിലും സ്റ്റുഡന്റ് വിസയിൽ വന്നവരും ടൂറിസ്റ്റ് വിസയിൽ വന്നവരും മിഷൻ പ്രവർത്തനത്തിന് വന്നവരുമായ വൈദീകരെ കണ്ട് പിടിച്ചു കുർബാനകൾ ചൊല്ലിച്ചു പോന്നിരുന്നു. വീടുകളുടെ ബേസ്സ്മെന്റുകളിൽ നടന്ന കുർബാനക്കിടയിൽ പോലീസ്സ് ഇടപെടലുകൾ വരെ ഉണ്ടായത് ഇന്നത്തെ അഭിനവ നേതാക്കൾക്കും അവരുടെ വാലാട്ടികൾക്കും അറിവില്ലേ അതോ അജ്ഞത നടിക്കുന്നോ ? നമ്മുടെ എല്ലാ കൂട്ടായ്മകളും പരിശുദ്ധ കുർബാനയുടെ സാന്നിദ്ധ്യവും ആശീർവാദവും ആദരവോടുംകൂടിയാണ് നടന്നതും അതെല്ലാം ക്നാനായ കത്തോലിക്കരുടെ പാരമ്പര്യത്തിലും പൈതൃകത്തിലും സീറോ മലബാർ ആരാധനാക്രമത്തിലുമായിരുന്നു. നമ്മുടെ പൈതൃകമായ ഇന്നത്തെ വിശ്വാസവും പാരമ്പര്യവും ഒരുമിച്ചുള്ള സമ്മേളനവും പ്രഘോഷണവും ആണ് നമ്മുടെ ഓരോ കൂട്ടായ്മയും. അതാണ് ഇന്ന് നമ്മൾ ഇത്രയും വലുതാകാനും ഒരൊറ്റ ജനതയാകാനും നോർത്ത് അമേരിക്കയിൽ സാധിച്ചത്. നാളിതുവരെയുള്ള KCCNA യുടേയും ലോക്കൽ അസ്സോസ്സിയേഷനുകളുടെയും SPIRITUAL PATRON ആയും SPIRITUAL DIRECTORS ആയും നാളിതുവരെ വച്ചിട്ടുള്ളതും ക്നാനായ കത്തോലിക്കാ പിതാക്കന്മാരും വൈദീകരും മാത്രമാണ്. ഒരൊറ്റ ക്നാനായ കത്തോലിക്കാ കൂട്ടായ്മകളിലും ഇന്നുവരെ കോട്ടയം രൂപതയിൽ നിന്നുള്ളവരല്ലാതെ വേറെ ആരും അംഗങ്ങൾ അല്ല എന്ന് മാത്രമല്ല ഒരു യാക്കോബായ അച്ചന്മാരെയും നമ്മൾ SPIRITUAL ഡയറക്ടർമാരാക്കുകയും ചെയ്തിട്ടില്ല എന്തിന് ഒരു പ്രാർത്ഥനയും കുർബാനയും ചൊല്ലിയിട്ടില്ല. ( അപൂർവമായ സന്ദർഭത്തിൽ ഒന്നോ രണ്ടോ നടന്നിട്ടുണ്ടാകാം ) സ്വന്തം അസ്ഥിത്വത്തിലും പാരമ്പര്യത്തിലും വിശ്വാസമില്ലാത്ത വെളുത്തേടത്തിയെ നോക്കി അമ്മേയെന്ന്‌ വിളിക്കുന്ന ശുംബന്മാർ നമുക്ക് എന്നും നാണക്കേടും അപമാനവും ആണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

ഉറങ്ങിക്കിടക്കുന്ന KCCNA യിലെ അംഗസംഘടനകളും നാഷണൽ കൗൺസിൽ അംഗങ്ങളും ഉറക്കം വിട്ട് എണീൽക്കണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു. എന്റെ ഈയൊരു കത്ത് ഉറങ്ങുന്നവർക്ക് ഒരു ഉണരാനുള്ള വിളിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരു തുറന്ന സംവാദം നമുക്ക് വേണം. ഈ കത്തിന് പ്രതികരണം ഞാൻ പല രീതിയിലും പ്രതീക്ഷിക്കുന്നു. എന്ത് വെല്ലുവിളികളും നേരിടാൻ ഞാൻ തായ്യാറാണ് എന്ന് മാത്രമല്ല KCCNA സംരക്ഷിക്കുന്നതിനും അതിന്റെ പരിശുദ്ധി നിലനിർത്തുന്നതിനും ക്നാനായ സമുദായത്തിന്റെ സംരക്ഷണത്തിനും ഉറക്കമില്ലാതെ പോരാടുമെന്നും ഞാൻ വ്യക്താമായി അറിയിക്കുന്നു.

ജയ്മോൻ  നന്തികാട്ട് 
ചിക്കാഗോ 

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.